സ്മാർട്ട്ഫോണുകളിൽ സ്വയം നിർമ്മിത ചിപ്സെറ്റുകൾ ഉപയോഗിക്കുന്നവരിൽ പ്രമുഖരാണ് ആപ്പിൾ, ഗൂഗിൾ കമ്പനികൾ . എന്നാൽ ഈ പട്ടികയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷഓമി.വരുംകാല സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരാനായി സ്വന്തമായി ചിപ്സെറ്റുകൾ നിർമ്മിക്കുകയാണ് കമ്പനി ഇപ്പോൾ. മീഡിയടെക്ക്, ക്വാൽകോം അടക്കമുള്ള തേർഡ് പാർട്ടി വിതരണക്കാരിൽ നിന്നും ചിപ്സെറ്റ് വാങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് ഈ തീരുമാനത്തിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്.
സ്വന്തമായി ചിപ്സെറ്റ് നിർമ്മിക്കുന്നതോടെ വിപണിയിൽ കൂടുതൽ സ്വതന്ത്രരാകാൻ കഴിയുമെന്നാണ് ഷഓമിയുടെ കണക്കുകൂട്ടൽ. മാത്രമല്ല, ചിപ്സെറ്റിന്റെ പ്രകടനം മികച്ചുനിന്നാൽ വരുംകാല സ്മാർട്ട്ഫോണുകളുടെ വില്പനയിൽ ഇത് കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്നും കമ്പനി കരുതുന്നുണ്ട്. 2025 ഓടെ കമ്പനി ചിപ്സെറ്റുകളുടെ നിർമ്മാണം പൂർണ്ണ തോതിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മുൻപ് സൂചിപ്പിച്ചതുപോലെ നിലവിൽ സ്മാർട്ട്ഫോണുകളിൽ സ്വയം നിർമ്മിത ചിപ്സെറ്റുകൾ ഉപയോഗിക്കുന്നത് ആപ്പിൾ , ഗൂഗിൾ കമ്പനികൾ മാത്രമാണ്. ഈ രംഗത്തേക്ക് ചുവടുവെക്കുമ്പോൾ മറ്റൊരു ലക്ഷ്യം കൂടി ഷഓമിക്കുണ്ട്. ഇലക്ട്രിക് വാഹന രംഗത്ത് തങ്ങളുടേതായ മുഖമുദ്ര പതിപ്പിക്കുക എന്നതാണ് കമ്പനിയുടെ മറ്റൊരു ലക്ഷ്യം. അതേസമയം സ്വയം നിർമ്മിത ചിപ്പുകൾ ഷഓമി തങ്ങളുടെ സ്മാർട്ട്ഫോണിൽ മാത്രമേ ഉപയോഗിക്കുകയുള്ളോ അതോ മറ്റ് കമ്പനികൾക്ക് കൂടി വിതരണം ചെയ്യുമോ എന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്.
നിലവിൽ ക്വാൽകോമിന്റെ ചിപ്സെറ്റുകളാണ് ഷഓമി തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്നത്. എന്നാൽ സ്വയം നിർമ്മിത ചിപ്സെറ്റുകളുടെ വരവോടെ ഷഓമിയും ക്വാൽകോമും തമ്മിലുള്ള കരാറിന് അവസാനമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here