അലിഡ മരിയ ജിൽസൺ
കുറ്റകൃത്യങ്ങൾക്ക് ഒട്ടും കുറവില്ലാത്ത വർഷം തന്നെയായിരുന്നു 2023. നാടിനെ നടുക്കിയ നിരവധി സംഭവങ്ങൾ അരങ്ങേറിയ വർഷം. കളമശ്ശേരി സ്ഫോടനവും, അബിഗേലിനെ തട്ടികൊണ്ട് പോയ കേസും ട്രെയിനിലെ പെട്രോൾ ആക്രമണവുമെല്ലാം 2023 ലെ കേരളത്തിന്റെ ക്രൈം ലിസ്റ്റിൽ പ്രധാനപ്പെട്ടവയാണ്. 2023 ലെ പ്രധാനപ്പെട്ട ക്രൈമുകളെ കുറിച്ച് പരിശോധിക്കാം…
എലത്തൂരിനെ ഞെട്ടിച്ച രാത്രി
2023 ഏപ്രിൽ 3-ന് കേരളം ഉണർന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടാണ്. രണ്ടാം തീയതി രാത്രിയിൽ കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ വെച്ച് അജ്ഞാതനായ യുവാവ് ആലപ്പുഴ കണ്ണൂർ എക്സിക്ക്യൂട്ടീവ് എക്സ്പ്രസിനു തീയിട്ടു. രാത്രി 9.12 ന് വളരെ കുറച്ച് യാത്രക്കാരുമായി കോഴിക്കോട് നിന്ന് പുറപ്പെട്ട് 8 മിനിറ്റുകൾക്കുള്ളിലാണ് ട്രെയിനിന്റെ D1 റിസർവ്ഡ് കോച്ചിൽ അപ്രതീക്ഷിതമായി ഈ ആക്രമണമുണ്ടായത്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയ മൂന്ന് യാത്രക്കാർ ഈ സംഭവത്തിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു, കൂടാതെ ഒമ്പതോളം പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ മട്ടന്നൂർ സ്വദേശികളായ മൂന്ന് യാത്രക്കാരുടെ മൃതദേഹം ഏലത്തൂരിന് സമീപം റെയിൽവേ ട്രാക്കിൽ നിന്ന് പോലീസ് കണ്ടെടുത്തു.
സംഭവം നടന്ന ഉടനെ തന്നെ ഇതൊരു തീവ്രവാദി ആക്രമണമാണെന്ന് ചിത്രീകരിക്കപ്പെട്ടു. സംഭവത്തിൽ കേരളാ പൊലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും സമയോചിത ഇടപെടലുണ്ടായി. ഈ ആക്രമണം ആസൂത്രിതമാണെന്ന് ആദ്യമേ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് സംഭവസ്ഥലത്തിന് അടുത്തുള്ള ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണങ്ങൾ ആരംഭിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് റെയിൽവേ ട്രാക്കിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നോയ്ഡ സ്വദേശിയായ ഫാറൂഖ് സെയ്ഫിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് കൈമാറി.
പ്രണയ പകയിൽ പൊലിഞ്ഞ ജീവൻ- ആതിര കൊലപാതകം
2023 ഏപ്രിൽ മാസം 29 ന് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി കാലടി പൊലീസ് സ്റ്റേഷനിലെത്തിയ സനൽ എന്ന യുവാവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു മരണവാർത്തയായിരുന്നു. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പള്ളിക്കടുത്ത് തമ്പൂർമൂഴി വനമേഖലയിൽ വെച്ച് അങ്കമാലി പാറക്കടവ് സ്വദേശിനി ആതിര എന്ന യുവതിയെ കാമുകൻ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആതിരയുടെ സുഹൃത്ത്, ഇടുക്കി വെള്ളത്തൂവൽ സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ അഖിൽ പി ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയ താരമായ അഖിലും ആതിരയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വിവാഹിതരായ ഇരുവരും അങ്കമാലിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത വരികയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ആതിരയുടെ കൈവശമുണ്ടായിരുന്ന 12 പവൻ സ്വർണം പണയം വെച്ച് ആതിര അഖിലിന് പണം നൽകിയിരുന്നു. സ്വർണം തിരികെ നൽകണമെന്ന ആതിരയുടെ നിരന്തരമായ ആവശ്യത്തിലാണ് അഖിൽ കൊലപാതകം നടത്തിയതെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിലാണ് കേസിൽ പൊലീസ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. അവസാനമായി ആതിര അഖിലിന്റെ ഒപ്പം കാറിൽ കയറി പോവുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് പോലീസിനെ അഖിലിലേക്ക് എത്തിച്ചത്.
ആതിരപ്പള്ളി തുമ്പൂർമൂഴി വനമേഖലയിലേക്ക് യാത്ര പോകാമെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം അഖിൽ ആതിരയെ സംഭവ സ്ഥലത്ത് എത്തിക്കുകയായിരുന്നു. വനത്തിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ആതിരയെ കൊണ്ടുപോയ ശേഷം അഖിൽ കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
Also Read; ഖേല്‍ രത്ന പുരസ്‌കാരം റോഡിലുപേക്ഷിച്ച് വിനേഷ് ഫോഗട്ട്
കോഴിക്കോടിനെ ഞെട്ടിച്ച അരുംകൊല
2023 മെയ് മാസം 26, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ചുരത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ട ഒരു ട്രോളി ബാഗിൽ വെട്ടിനിറുക്കിയ നിലയിൽ ഒരു മനുഷ്യന്റെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്വദേശിയും ഹോട്ടലുടമയുമായ സിദ്ദിക്കിന്റെ മൃതദേഹമാണ് അതെന്ന് കണ്ടെത്തി. ഈ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരിയായ ഷിബിലി, ഷിബിലിയുടെ സുഹൃത്തും ബന്ധുവുമായ പതിനെട്ടുകാരൻ ഫർഹാന, മറ്റൊരു സുഹൃത്ത് ആഷിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ഷിബിലി സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരിയായിരുന്നു. ഫർഹാനയുടെ പിതാവ് സിദ്ധിഖിന്റെ പരിചയക്കാരനും. ജോലി സംബദ്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആഷിക്കിന് സിദ്ദിഖിനോട് വ്യക്തിവൈരാഗ്യവുമുണ്ടായിരുന്നു. കഴിഞ്ഞ മെയ് 18 ന് എരഞ്ഞിപ്പാലത്തെ ഹോട്ടലി വെച്ചാണ് പ്രതികൾ സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
വ്യാപാരിയായ സിദ്ദിഖിനെ ഹണീ ട്രാപ്പിൽ പെടുത്തി പണം തട്ടാനായിരുന്നു മൂന്നുപേരും ചേർന്ന് പദ്ധതിയിട്ടത്. ഗൂഡാലോചനയുടെ ഭാഗമായി മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ സിദ്ദിഖിന്റെ നഗ്ന ചിത്രങ്ങളെടുക്കാൻ ബലപ്രയോഗത്തിലൂടെ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകത്തിലേക്കെത്തിയത്. കൊലപാതകത്തിനുശേഷം ഇലക്‌ട്രിക്ട് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കുകയും രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ കൊണ്ട് തള്ളുകയും ചെയ്തു. ശേഷം പ്രതികൾ സിദ്ദിഖിന്റെ കാറും 150,000 രൂപയും തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണം സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലിയിലും സുഹൃത്ത് ഫർഹാനയിലും എത്തി. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇവരെ കുറിച്ച് ചെന്നൈ പോലീസിനും ആർപിഎഫിനും വിവരം നൽകിയതിനെ തുടർന്ന് ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് സംഘം ഇവരെ പിടികൂടി.
കേരളത്തെ ഞെട്ടിച്ച ഡോക്ടർ വന്ദനാ ദാസ് കൊലപാതകം
2023 മെയ് 10 പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കേരളത്തെ ഞെട്ടിച്ച ഡോക്ടർ വന്ദനാ ദാസ് കൊലപാതകമുണ്ടാകുന്നത്. സ്കൂൾ അധ്യാപകനായ സന്ദീപാണ് യുവ ഡോക്ട്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്. ലഹരി അമിത അളവിൽ ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട ഒരു രോഗിയുമായി പോലീസുകാർ സംഭവദിവസം വെളുപ്പിനെ 4.30 ന് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി കൊണ്ടുവന്നു. പരിശോധനക്കിടെ പെട്ടെന്ന് അക്രമാസക്തനായ സന്ദീപ് എന്ന പ്രതി തന്നെ ചികില്സിച്ചുകൊണ്ടിരുന്ന വന്ദനയെയും മറ്റ് ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ തുടങ്ങി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും വന്ദനക്ക് ഓടി മാറാനോ രക്ഷപെടാനോ സാധിച്ചില്ല. അക്രമാസക്തനായ സന്ദീപ് ഡ്രസിങ് റൂമിലെ കത്രികയുപയോഗിച്ച് ഒന്നിലധികം തവണ ഡോക്ടർ വന്ദനയെ കുത്തി. കഴുത്തിലും നെഞ്ചിലും മുറിവേറ്റ വന്ദനയെ ഉടൻ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപെടുത്താനായില്ല. സംഭവത്തിൽ പ്രതിയായ സന്ദീപിനെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച മാതാപിതാക്കൾ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജ്ജി നൽകിയിരുന്നു, ഹർജ്ജിയിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാനായി മാറ്റിവെച്ചു.
കേരളത്തിന്റെ ഹൃദയം നിലപ്പിച്ച അഞ്ച് വയസുകാരിയുടെ കൊലപാതകം
2023 ജൂലൈ മാസം 28 ആം തീയതിയാണ് ബിഹാറിൽ നിന്ന് കേരളത്തിലേക്ക് കുടിയേറി, ആലുവയിൽ താമസിക്കുകയായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുവയസുകാരിയായ പെൺകുട്ടിക്ക് ദാരുണമായ മരണം സംഭവിക്കുന്നത്. വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ പൊലീസിന് പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ ഈ കുഞ്ഞ് ക്രൂര ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളി തന്നെയായ അസ്ഫാക് ആലം എന്ന വ്യക്തിയാണ് ക്രൂരമായ ഈ കുറ്റകൃത്യം നടത്തിയതെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി.
മദ്യപിച്ച നിലയിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ തന്നെ പ്രതിയുടെ അവസ്ഥ. മദ്യപിച്ചിരുന്നതിനാൽ തന്നെ ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കാനുള്ള സ്വബോധം ഇയാൾക്കുണ്ടായില്ല. ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. താൻ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും, കൊലപ്പെടുത്തിയെന്നുമായിരുന്നു അസ്ഫാക്കിന്റെ കുറ്റസമ്മതം. തുടർന്ന് ആലുവ മാർക്കറ്റിനുള്ളിൽ തന്നെ മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്ത്, പെരിയാർ നദിയുടെ തീരത്തായി ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനകളിൽ വെറും അഞ്ച് വയസുമാത്രം പ്രായമുള്ള ഈ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞു.
ഉച്ചയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി മാർക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ഇയാൾ കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം പ്രതി തന്റെ സ്വന്തം വസ്ത്രമുപയോഗിച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും കല്ലുകൊണ്ട് മുഖത്തിടിക്കുകയും ചെയ്തു. ശേഷം ചാക്കുകൊണ്ട് മൂടി മൃതദേഹം മറവുചെയ്തു. അന്നേ ദിവസം വൈകുന്നേരം 5.30 -ഓടെ കുട്ടി കൊല്ലപ്പെട്ടിരുന്നു. പരാതി ലഭിച്ച് ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ കുറ്റം തെളിയിക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിഞ്ഞു. വെറും 30 ദിവസത്തിനകം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. അതിവേഗത്തിൽ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. 2023 നവംബർ 4-ന് പുറപ്പെടുവിച്ച വിധിയിൽ പ്രതി അഷ്ഫാഖ് ആലത്തിനു മേൽ ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിഞ്ഞു, കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
Also Read; അയോധ്യ വിഷയത്തിൽ ലീഗും കോൺഗ്രസും എല്ലാക്കാലവും ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു; അഹമ്മദ് ദേവർകോവിൽ
നാടിനെ നടുക്കിയ കളമശേരി സ്ഫോടനം
2023 ഒക്ടോബർ 29 -നാണ് കേരളത്തെ ആകമാനം ഞെട്ടിച്ച കളമശേരി സ്ഫോടനമുണ്ടാകുന്നത്. എറണാകുളം ജില്ലയിലെ കളമശേരിയിൽ യഹോവാ സാക്ഷികളുടെ കൺവെൻഷൻ ഹാളിലാണ് 7 പേരുടെ മരണത്തിനിടയാക്കിയ ഐഇഡി സ്ഫോടന പരമ്പര അരങ്ങേറിയത്. ത്രിദിന പരിപാടിയുടെ അവസാന ദിവസമായ 2023 ഒക്ടോബർ 29 ന് രാവിലെയാണ് സംഭാവമുണ്ടാകുന്നത്. ഏകദേശം 2500 യഹോവയുടെ സാക്ഷികൾ കൺവെൻഷൻ സെന്ററിൽ ഒന്നിച്ചു കൂടിയിരുന്നു. ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായതായും ഹാളിൽ തീയും പുകയും നിറഞ്ഞിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവമുണ്ടായി ഉടൻ തന്നെ ഒരു സ്ത്രീയുടെ മൃതദേഹം ഹാളിനു നടുവിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
സംഭവദിവസം ഏകദേശം ഉച്ചയോടെ യഹോവ സാക്ഷികളുടെ തന്നെ അംഗമായ ഡൊമിനിക് മാർട്ടിൻ എന്നയാൾ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും സ്ഫോടനത്തിന് പിന്നിൽ താനാണെന്ന് സമ്മതിക്കുകയും ചെയ്തു. യഹോവാ സാക്ഷികളുടെ ദേശവിരുദ്ധ സിദ്ധാന്തങ്ങളോട് തനിക്ക് എതിർപ്പുണ്ടെന്ന് പറഞ്ഞ് പോലീസിൽ കീഴടങ്ങുന്നതിനു തൊട്ടുമുൻപ് മാർട്ടിൻ ഫേസ്ബുക്കിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. മാർട്ടിന്റെ അവകാശവാദങ്ങളിൽ സംശയം തോന്നിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഡൊമിനിക് മാർട്ടിൻ തന്നെയാണ് സ്ഫോടനം നടത്തിയതെന്ന് തെളിവുകളും ലഭിച്ചു.
അബിഗേലിനായി കേരളം ഉണർന്നിരുന്ന രാത്രി
2023 നവംബർ 27 നാണ് കൊല്ലം ഓയൂരിൽ കാറിൽ വന്ന ഒരു സംഘം സഹോദരനോടൊപ്പം റോഡിലൂടെ നടന്ന വരികയായിരുന്ന ആറുവയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. അബിഗയിൽ സാറ റെജി എന്ന പെൺകുട്ടി തന്റെ 8 വയസ്സുള്ള സഹോദരനൊപ്പം ട്യൂഷനു പോകുന്നതിനിടെയാണ് സംഭാവമുണ്ടാകുന്നത്. സംഭവം നടന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ പൊലീസ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പൊലീസ് സംയുക്തമായി അന്വേഷണമാരംഭിച്ചു. സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയുടെ ഫോണിലേക്ക് കിഡ്നാപ്പിംഗ് സംഘം വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഈ ഫോൺ നമ്പർ ട്രാക്ക് ചെയ്തെത്തിയ പോലീസെത്തിയത് ഒരു ചെറിയ കടയിലാണ്. ഈ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സംഘം ഇവരുടെ പക്കൽ നിന്നാണ് ഫോൺ വാങ്ങി കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചത്.
രാത്രിയോടുകൂടി ഈ സംഘം മറ്റൊരു നമ്പറിൽ നിന്ന് കുട്ടിയുടെ മാതാപിതാക്കളെ വിളിക്കുകയും കൂടുതൽ പണവുമായി 10 മണിയോടെ എത്തിച്ചേരണമെന്നും ആവശ്യപ്പെട്ടു. ഈ സമയത്തിനുള്ളിൽ തന്നെ പ്രതികളെ പുറത്ത് കടക്കാനാവാത്ത വിധം പൊലീസ് വളഞ്ഞു കഴിഞ്ഞിരുന്നു. ഒടുവിൽ എവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചാലും പിടിക്കപ്പെടുമെന്ന അവസ്ഥയായപ്പോൾ പ്രതികൾ കുട്ടിയെ കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെടുത്തുക എന്നതായിരുന്നു പൊലീസിന്റെ ആദ്യ ശ്രമം. കുട്ടിക്ക് ഒരു പോറൽ പോലുമേൽക്കാതെ തിരിച്ച് കിട്ടിയ ശേഷം പൊലീസ് ഒട്ടും വൈകാതെ തന്നെ അവരുടെ ദൗത്യം കൂടുതൽ ശക്തമാക്കി. കുട്ടിയുടെ സഹായത്തോടെ രേഖാചിത്രം വരച്ചും, കൂടുതൽ അന്വേഷണങ്ങൾ നടത്തിയും പൊലീസ് പ്രതികളിലേക്ക് എത്തിച്ചേർന്നു. സംഭവം നടന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കുടുംബത്തിലെ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
കൊല്ലം സ്വദേശിയായ പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് പൊലീസ് പിടിയിലായത്. സാമ്പത്തിക പ്രതിസന്ധിയാണ് ഇവരെ ഈ കുറ്റകൃത്യം നടത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. പിടിയിലായ മൂന്ന് പേരെയും കിഡ്‌നാപ്പിനിരയായ കുട്ടി തിരിച്ചറിയുകയും ചെയ്തു.
മനുഷ്യർ എത്രത്തോളം അക്രമകാരികൾ ആകുന്നോ അത്രതന്നെ ജാഗരൂകരായിരുനു 2023-ലും കേരള പൊലീസ്. ഓരോ കേസിലും അവർ കൃത്യമായി നീങ്ങി പ്രതികളെ പിടികൂടി. അവരെ വിശ്വസിച്ചു അന്തിയുറങ്ങുന്ന മനുഷ്യരെ സംരക്ഷിക്കാൻ പൊലീസ് രാപ്പകലില്ലാതെ ജോലി ചെയ്തു. അഭിമാനിക്കാം കേരള പൊലീസിന്, മുൻ കാലങ്ങളെ അപേക്ഷിച്ച് ക്രൈമുകൾ നടക്കാതിരിക്കാൻ പരിശ്രമിച്ചത്, ജനങ്ങൾക്കൊപ്പം നിന്നതിന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here