2023 അവസാനിക്കുകയാണ്. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ കായികമേഖലയിലും നിരവധി നിമിഷങ്ങളും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചുകൊണ്ടാണ് 2023 വിടവാങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും നല്ല കാലത്തെ ഒരു കണ്ണീരുണ്ട്, മലയാളിക്ക് സ്വകാര്യമായി അഹങ്കരിക്കാന്‍ വയനാട്ടുകാരി മിന്നുമണി ഉണ്ട്, ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ നീരജ് ചോപ്രയുണ്ട് , മൂന്ന് പ്രധാനപ്പെട്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ വിജയികളായ മാഞ്ചസ്റ്റര്‍ സിറ്റി ഉണ്ട്. അങ്ങനെ ഒട്ടനേകം. വായിക്കാം 2023ലെ പ്രധാനപ്പെട്ട കായിക വിശേഷങ്ങള്‍…
പറഞ്ഞുതുടങ്ങുമ്പോള്‍ നമ്മുടെ മുത്തുമണിയായ സ്വന്തം മിന്നുമണിയില്‍നിന്ന് തന്നെ തുടങ്ങിയെ പറ്റൂ. സഞ്ജുവിനും ശ്രീശാന്തിനുമെല്ലാം ശേഷം നമ്മുടെ മലയാളക്കര സംഭാവന ചെയ്ത നാഷണല്‍ ക്രിക്കറ്റ് താരം. ജുലന്‍ ഗോസ്വാമിയും മിതാലി രാജും സ്മൃതി മന്ദാനയുമടക്കം നിരവധി പ്രതിഭകള്‍ മാറ്റുരച്ച ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലേക്ക് മിന്നുമണി നടന്നടുത്തപ്പോള്‍ വയനാട്ടിലെ മാനന്തവാടി പ്രദേശം ഒട്ടാകെ ഒരു മിനി ഗ്യാലറിയായി രൂപാന്തരപ്പെട്ടിരുന്നു.
ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് മിന്നുമണി പുറത്തെടുത്തത്. ആ പ്രകടനം ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മിന്നുമണിയെ നിയമിക്കുന്നതിലേക്ക് എത്തിച്ചു. ചുരുങ്ങിയ പ്രായത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയാണ് മിന്നുമണി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കഷ്ടകാലമാണ്. 2023ല്‍ പ്രധാനപ്പെട്ട 2 ട്രോഫികള്‍ ആണ് നമ്മള്‍ കൈവിട്ടത്. രണ്ടും ഒരേ ടീമിനെതിരെ, ഓസ്‌ട്രേലിയ. !
ഒന്ന് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പാണ്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് നമ്മള്‍ 209 റണ്‍സിന് തോറ്റു. എന്നാല്‍ ആരാധകരെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ലോകകപ്പ് ഫൈനല്‍ പരാജയമാണ്. തോല്‍വിയറിയാത്ത 10 മത്സരങ്ങള്‍ക്ക് ശേഷം പടിക്കല്‍ കലമുടച്ചു ടീം ഇന്ത്യ. ടൂര്‍ണമെന്റില്‍ ഉടനീളം അസാമാന്യ പ്രകടനമാണ് നമ്മള്‍ കാഴ്ചവെച്ചത്. എന്നാല്‍ ഫൈനല്‍ മാമാങ്കത്തില്‍ കങ്കാരുപ്പടയുടെ മുന്‍പില്‍ എല്ലാം പാളി. ഇന്ത്യയുടെ കിരീട വരള്‍ച്ചക്ക് അവിടെയും തുടര്‍ച്ച !
ALSO READ: കുമാരനാശാന് ആദരവുമായി കെ പി കുമാരന്‍; നൂറാം ചരമ വാര്‍ഷികത്തിന് വീണ്ടും ഗ്രാമവൃക്ഷത്തിലെ കുയില്‍
ഇനി ഫുട്‌ബോളിലേക്ക് !
ഒരു ഫുട്‌ബോളറെ സംബന്ധിച്ചിടത്തോളം താന്‍ ദിവസങ്ങളായി കളിച്ചിരുന്ന ക്ലബ് മാറി മറ്റൊന്നിലേക്ക് പോകുക എന്നതൊക്കെ സാധാരണമായ കാര്യമാണ്. പക്ഷേ 2023 തലക്കെട്ടില്‍ പതിഞ്ഞ വിധം മെസ്സിയുടെയും റൊണാള്‍ഡോയുടെയും ട്രാന്‍സ്ഫര്‍ മൂലമാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ഇരുവരും യുണൈറ്റഡില്‍ നിന്നും പി എസ് ജിയില്‍നിന്നും നിലവിലെ ക്ലബുകളായ അല്‍ നസറിലേക്കും ഇന്റര്‍ മിയാമിയിലേക്കും പോയത്.
ഫുട്‌ബോളിനെ സംബന്ധിച്ച് 2023 എന്ന വര്‍ഷം എറ്റവും മികച്ചതാകാന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. വനിതാ ലോകകപ്പിലെ സ്‌പെയിനിന്റെ വിജയവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രിപ്പിള്‍ നേട്ടവും അവയില്‍ ചിലതാണ്.
ചാമ്പ്യന്മാരുടെ ലീഗാണ് ചാമ്പ്യന്‍സ് ലീഗ്. അവിടെ ജയിച്ചാല്‍ ആരും രാജാവ് ! അവിടെയാണ് സിറ്റി ജയിച്ചുകയറിയത്. സൂപ്പര്‍ കോച്ച് പെപ് ഗാർഡിയോളയുടെ കീഴില്‍ ഫൈനലില്‍ ഇന്റര്‍ മിലാനെ തറപറ്റിച്ച് സിറ്റിക്ക് കിരീടം. ചാംപ്യന്‍സ് ലീഗ് മാത്രമല്ല, ഒരു സീസണില്‍ തന്നെ FA കപ്പും പ്രീമിയര്‍ ലീഗ് കിരീടവും കൂടി നേടിയാണ് സിറ്റി ചരിത്രം കുറിച്ചത്.
ALSO READ: 2023 ൽ ‘ഭാരതീയമായ’ നിയമങ്ങൾ; ഈ അഴിച്ചുപണികൾ നിയമത്തിലോ ജനാധിപത്യത്തിലോ? | Year Ender 2023
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന വനിതാ ഫുട്‍ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് വനിതകളെ തോല്‍പിച്ച് സ്‌പെയിന്‍ ആണ് ചാമ്പ്യന്മാരായത്. വനിതാ ലോകകപ്പിലെ സ്‌പെയിനിന്റെ ആദ്യത്തെ കിരീടം. പുരുഷന്മാര്‍ക്ക് ഇച്ചിരി കഷ്ടകാലവും ക്ഷാമകാലവുമാണെങ്കിലും വനിതകള്‍ക്ക് അതില്ല എന്ന് തെളിയിച്ച വര്‍ഷം കൂടിയായിരുന്നു 2023.
2023 അത്‌ലറ്റിക്‌സ് തലത്തിലും ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെ ഉണ്ടായ വര്‍ഷമാണ്. ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ അഭിമാനതാരങ്ങള്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മെഡല്‍ വേട്ടയാണ് നടത്തിയത്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകള്‍ ! ആർച്ചറിയിലും ഹോക്കിയിലും കബഡിയിലും ക്രിക്കറ്റിലുമടക്കം നമ്മള്‍ കാഴ്ചവെച്ചത് ഏറ്റവും മികച്ച പ്രകടനങ്ങള്‍.
ഇക്കൊല്ലം ഇന്ത്യക്ക് ഏറ്റവും പെരുമ സമ്മാനിച്ചത് നീരജ് ചോപ്ര കൂടിയാണ്. ഏഷ്യന്‍ ഗെയിംസില്‍ അഭിമാന സ്വര്‍ണവും ഡയമണ്ട് ലീഗില്‍ വെള്ളിയും. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം കൊണ്ടുതന്ന പ്രകടനം നീരജ് ആവര്‍ത്തിച്ച വര്‍ഷം കൂടിയായിരുന്നു 2023.
ALSO READ: പദവികളെക്കാൾ ലക്ഷ്യമിട്ടത് ജനക്ഷേമം; പത്തനാപുരത്തിന്റെ സ്വന്തം ഗണേഷ് കുമാർ
വെള്ളക്കുറി തൊട്ട, ഒരു പതിനെട്ടുകാരന്‍ പയ്യന്‍ ഇന്ത്യയുടെ തലവര മാറ്റിയ വര്‍ഷം കൂടിയായിരുന്നു 2023. ലോക ചാമ്പ്യന്‍ഷിപ്പ് വേദികളില്‍ തലതൊട്ടപ്പന്മാരെ അവന്‍ നിരന്തരം വിറപ്പിച്ചു. രമേശ് ബാബു പ്രഗ്‌നാനന്ദയെന്ന പതിനെട്ടുകാരന്‍ ലോകം കീഴടക്കിയ വര്‍ഷം കൂടിയായിരുന്നു 2023.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ മാഗ്‌നസ് കാള്‍സനോട് പൊരുതിയാണ് പ്രഗ്‌നാനന്ദ തോറ്റത്. വാശിയേറിയ ഫൈനലില്‍ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. മത്സരത്തിനിടയില്‍ കാള്‍സന്‍ പലപ്പോഴുമായി പ്രഗ്‌നാനന്ദയുടെ പല നീക്കങ്ങള്‍ക്കും അസ്വസ്ഥമാകുന്നത് കാണാമായിരുന്നു. എതിരാളിയെ അത്രയ്ക്ക് വെള്ളം കുടിപ്പിച്ച ശേഷമാണ് പ്രഗ്‌നാനന്ദയുടെ കയ്യില്‍നിന്ന് കിരീടം വഴുതിപ്പോയത്…
ജൂണ്‍ 17, ഇംഗ്ലണ്ടിലെ വിംബിള്‍ഡണ്‍ മൈതാനത്ത് പുതിയ ഒരു ചരിത്രം രചിക്കപ്പെട്ട നിമിഷം. വിംബിള്‍ഡണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുകയാണ്. ഒരുവശത്ത് ലോക ഒന്നാം നമ്പര്‍ സീഡ് നവാക്ക് ജോക്കോവിച്ച്, മറുവശത്ത് സ്‌പെയിനിന്റെ കാര്‍ലോസ് അള്‍കാരസ്. ഈ ടൂര്‍ണമെന്റില്‍ വിജയിച്ചാല്‍ ജോക്കോവിച്ച് ടൈറ്റില്‍ ജയത്തില്‍ റോജര്‍ ഫെഡററിനൊപ്പമാണ്. എന്നാല്‍ അന്നവിടെ കൂടിയവര്‍ സാക്ഷിയായത് ഒരു വമ്പന്‍ അട്ടിമറിക്കാണ്. അല്‍കാരസ് ജോക്കോവിച്ചിനെ അട്ടിമറിച്ചു. അല്‍കാരസിന് ആദ്യ വിംബിള്‍ഡണ്‍ കിരീടം.
ALSO READ: മമ്മൂട്ടി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്
ടെന്നിസ് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദരായ നിമിഷമായിരുന്നു അത്. ഒരിക്കലും ആരും വിചാരിച്ചതായിരുന്നില്ല ഈ അട്ടിമറി. മത്സരത്തിനിടെ അല്‍ക്കാരസിന്റെ മുന്നേറ്റം കണ്ട ജോകോവിച്ച് പലപ്പോഴും സമ്മര്‍ദ്ദത്തിലാകുന്നുണ്ടായിരുന്നു . റാക്കറ്റും നെറ്റുമൊക്കെ നശിപ്പിച്ചായിരുന്നു ജോക്കോവിച്ച് അന്ന് ഗ്രൗണ്ടില്‍ കാണപ്പെട്ടത്. അവസാനം സമ്മര്‍ദ്ദം തോല്‍വിയാകുക തന്നെ ചെയ്തു. വില്‍ബില്‍ഡന്‍ സാക്ഷിയായത് ടെന്നിസിലെ തലമുറ മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വമ്പന്‍ അട്ടിമറിക്ക്… !
2023 അവസാനിക്കുമ്പോള്‍ ഓരോ കായികപ്രേമിയുടെയും ഓര്‍മയില്‍ നിറയുന്നത് ഈ നിമിഷങ്ങളായിക്കും. ചിലതില്‍ ദുഃഖം, ചിലതില്‍ സന്തോഷം. സ്പോർട്സിൽ എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് തന്നെ !
2024ലും നിരവധി കായിക നിമിഷങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ പുതിയ രാജാക്കന്മാരെ അടുത്ത വര്‍ഷം അറിയാം. കുട്ടിക്രിക്കറ്റിലെ തലതൊട്ടപ്പന്മാരെയും അറിയാം. കാത്തിരിക്കാം അവയ്‌ക്കെല്ലാമായി…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here