ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിച്ച് നാം ജീവിച്ചുതുടങ്ങിയിട്ട് 2023 അവസാനിക്കുമ്പോൾ 74 വർഷം തികയുന്നു. ഇക്കാലമത്രയും നിരവധി നിയമപോരാട്ടങ്ങളും ഭേദഗതികളും നീതിന്യായ വ്യവസ്ഥയിൽ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും അടിക്കടി അരങ്ങേറുന്ന വർഗീയ കലാപങ്ങൾ, തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണം പിടിച്ചെടുക്കാനും നിയമങ്ങൾ അടിമുടി അഴിച്ചു പണിയാനും കടുപ്പിക്കാനും നടക്കുന്ന നീക്കങ്ങൾ, ഇവയൊക്കെ രാജ്യം തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ എങ്ങനെയാണ് ബാധിക്കുകയെന്നും മനസിലാക്കേണ്ടതുണ്ട്. നീതിയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ബിന്ദുവും ആത്യന്തിക ലക്ഷ്യവും. അങ്ങനെ നോക്കുമ്പോൾ, ഒരു രാജ്യം അതിന്റെ ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും എത്രമാത്രം മാനിക്കുന്നുവെന്നും സംരക്ഷിക്കുന്നുവെന്നുമുള്ളത് ആ രാജ്യത്തെ ജനാധിപത്യത്തിന്റെ തന്നെ സൂചകങ്ങളാണ്.
2023 അവസാനിക്കുമ്പോൾ ടെലികമ്മ്യുണിക്കേഷൻ ബിൽ, ഡിജിറ്റൽ പേർസണൽ ടാറ്റ പ്രൊട്ടക്ഷൻ ബിൽ എന്നിവയടക്കം 229 ബില്ലുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ളത്. അതിൽ പ്രധാനപ്പെട്ട ചിലത് പരിശോധിക്കാം.
ഓഗസ്റ്റ് മാസം 11 ന് പാസ്സായ ഡിജിറ്റൽ പേർസണൽ ടാറ്റ പ്രൊട്ടക്ഷൻ ബിൽ ഉപയോഗിച്ച് വ്യക്തിഗത ടാറ്റ വ്യക്തിയുടെ അനുമതിയോടെ നിയമപരമായ ഉദ്ദേശത്തോടെ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്ന വ്യവസ്ഥയാണ് നൽകുന്നത്. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നത് ശക്തിപ്പെടുത്താൻ സർക്കാർ കൊണ്ടുവന്ന ഒട്ടേറെ നിയമങ്ങളിലൊന്ന് മാത്രമാണ് ഇതും. ‘ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും സംബന്ധിച്ച താത്പര്യങ്ങൾ, ദേശസുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം, പൊതു ക്രമപരിപാലനം’ എന്നിവയിൽ ഏതിലെങ്കിലും, അല്ലെങ്കിൽ എല്ലാ മേഖലയിലുമുള്ള സർക്കാർ ഏജൻസികളുടെ ഇടപെടൽ ഒഴിവാക്കുന്നതിന് ഭരണകൂടത്തിന് അധികാരം നൽകുന്നതാണ് ഈ ബിൽ. വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം തടയുന്നതിന് സർക്കാരിന് എളുപ്പത്തിൽ ദുരുപയോഗം ചെയ്യാവുന്ന അവ്യക്തമായ ഈ കാര്യങ്ങളെക്കുറിച്ച് നിർവചിക്കാനോ അതിർവരമ്പുകൾ നിശ്ചയിക്കാനോ ബില്ലിന് കഴിഞ്ഞിട്ടില്ല.
ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ഇന്ത്യയുടെ ക്രിമിനൽ നിയമസംഹിതയുടെ ആധാരം. 2023 ൽ കേന്ദ്രസർക്കാർ അഭിമാനത്തോടെ മുന്നോട്ടുവച്ച നിർദ്ദേശം ഈ നിയമങ്ങളുടെയാകെ ഒരു പൊളിച്ചെഴുത്താണ്. ഐപിസി, സിആർപിസി, ഐഇഎ എന്നിവയ്ക്ക് പകരമായി 2023 ഓഗസ്റ്റ് 11-ന് മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ, എന്നിവയാണത്. 146 പ്രതിപക്ഷ എംപിമാരെ ഇരുസഭകളിലും നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഈ ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരവും നേടി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റമായ ‘124 എ’ വകുപ്പിന് പകരം ‘150’ എന്ന പുതിയ വകുപ്പ് കൊണ്ടുവന്ന്, വാക്കാലുള്ള വിമർശത്തെപ്പോലും കുറ്റകരമാക്കുന്നു. ഈ നിയമങ്ങൾ നിലവിൽ വരുന്നതോടെ കേന്ദ്രസർക്കാരിനെതിരെ സംസാരിക്കുന്നവർക്കെതിരെ യുഎപിഎ വരെ ചുമത്താനുള്ള അധികാരം ലഭിക്കും. രാജ്യദ്രോഹം എന്നതിനു പകരം ‘ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും അപകടപ്പെടുത്തൽ’ എന്നാണ് മാറ്റം വരുത്തിയിട്ടുള്ളത്. ആർട്ടിക്കിൾ 19 (1) (a) നൽകുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനെ പോലും ചോദ്യം ചെയ്യുന്ന അധികാരങ്ങളാകും നിയമം വഴി തന്നെ കേന്ദ്രസർക്കാരിന് ലഭിക്കുക. ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങൾ പോലും ലഘൂകരിക്കാനും ഏകപക്ഷീയ താല്പര്യങ്ങൾ സംരക്ഷിക്കാനും നിയമസഹായം നേടുന്നതാണ് ഇപ്പോഴുള്ള ഭേദഗതികൾ.
കണ്ണുചിമ്മുന്ന സമയത്തിനുള്ളിൽ കേന്ദ്രം അവതരിപ്പിച്ച് പാസ്സാക്കിയ മറ്റൊന്നാണ് സെപ്റ്റംബർ 11 ന് വന്ന വനിതാ സംവരണ ബിൽ. വനിതാസംവരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിലടക്കം അഭിപ്രായം രേഖപ്പെടുത്താതിരുന്ന കേന്ദ്ര നാടകീയമായി കൊണ്ടുവന്ന ഈ ബില്ലിനുപിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട. രാജ്യത്ത് ദ്രുവീകരണം സൃഷ്ടിച്ച് വോട്ട് മറിക്കാനുള്ള കേന്ദ്രശ്രമങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതായിരുന്നു വനിതാ സംവരണം. സമാജ്‌വാദി പാർടി, ആർജെഡി തുടങ്ങിയ പാർടികൾക്ക് വനിതാസംവരണ ബില്ലിനോടുള്ള വിയോജിപ്പ് മുതലെടുത്ത് പ്രതിപക്ഷനിരയിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമമായി ബിൽ മാറി.
ഡിസംബർ 12 ന് തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനം പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ബില്ലും മോഡി സർക്കാർ പാസാക്കിയിരുന്നു. കമീഷനിലേക്ക് നിയമിക്കാൻ അംഗങ്ങളെ നിർദേശിക്കുന്നതിനുള്ള മൂന്നംഗ സമിതിയിൽ ചീഫ് ജസ്റ്റിസിനെ സുപ്രീംകോടതി ഉൾപ്പെടുത്തിയിരുന്നു. പുതിയ ബിൽ പ്രകാരം ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതിയിൽ ആരുടെ അഭിപ്രായമാണ് നടപ്പാക്കുക എന്ന കാര്യം പറയേണ്ടതില്ല. രാജ്യദ്രോഹത്തിന് പുതിയ വകുപ്പും പുതിയ വ്യാഖ്യാനങ്ങളും കടുത്ത ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ബിൽ ഒറ്റനോട്ടത്തിൽത്തന്നെ, സർക്കാരിനെതിരെ മിണ്ടുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്താനുള്ള അധികാരം നൽകുന്നു.
ഡിസംബർ 18 നാണ് ടെലികമ്മ്യുണിക്കേഷൻ ബിൽ പാസാക്കുന്നത്. ഈ ബിൽ നിലവിൽ വന്നതോടെ രാജ്യസുരക്ഷയെ ബാധിക്കുന്ന ടെലികോം സേവനങ്ങളുടെ നിയന്ത്രണം താത്കാലികമായി കേന്ദ്ര സർക്കാരിന് ഏറ്റെടുക്കാനും ആവശ്യമെങ്കിൽ സസ്പെൻഡ് ചെയ്യാനും അനുമതി ലഭിക്കും. ചുരുക്കത്തിൽ രാജ്യസുരക്ഷയുടെ പേരിൽ ഈ വർഷമിറക്കിയ ഓരോ ബില്ലും പ്രത്യക്ഷത്തിൽ തന്നെ പൗരന്റെ മൗലികാവകാശങ്ങളുടെ ശവപ്പെട്ടിയുടെ മേൽ പതിക്കുന്ന ആണികളാണ്.
നിയമഭേദഗതികളെ പോലെ തന്നെ ചർച്ചചെയ്യപ്പെടേണ്ടവയാണ് കോടതികൾ പുറപ്പെടുവിച്ച വിധികളും. നിയമനിർമാണത്തിൽ മുൻപുണ്ടായ കോടതിവിധികൾ നിയമത്തിനെപോലെ തന്നെ സ്വാധീനിക്കുന്നവയാണ്. 2023 ലെ സുപ്രധാനമായ വിധികളിൽ ചിലതാണ് ജെല്ലിക്കെട്ട് അനുവദിച്ചുള്ളതും രാഹുൽ ഗാന്ധി “മോദി” എന്ന കുടുംബപേര് ഉപയോഗിച്ച വിഷയത്തിൽ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടതും. നിയമവ്യസ്ഥയിലെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടവയാണ് എന്ന് മനസിലാക്കുന്നതായിരുന്നു ഈ രണ്ട് വിധികളും. ഈ വർഷം തന്നെയാണ് രാജ്യം ഉറ്റുനോക്കിയിരുന്ന മറ്റൊരു സുപ്രധാന വിധിയും സുപ്രീം കോടതി നൽകിയത്. സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന വിധി ഒരേ സമയം വൈരുധ്യമുള്ളതും നിരാശാജനകവുമായിരുന്നു. ആർട്ടിക്കിൾ 377 ഒഴിവാക്കിയതോടെ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ രതി ക്രിമിനൽ കുറ്റമല്ലാതെയായി മാറിയപ്പോഴും സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലാത്തത് ഈ നിയമത്തിലെ വൈരുധ്യമായി തുടരുന്നു.
ഭരണഘടന നിലവിൽ വന്ന ശേഷം ഓരോ വർഷം കടക്കുമ്പോഴും നിയമവ്യവസ്ഥ വ്യത്യസ്ത ചേരികളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് നിയമങ്ങൾ ഇക്കാലമത്രയും പരിഷ്കരണങ്ങൾ നടത്തി വന്നിട്ടുമുണ്ട്. എന്നാൽ ഇപ്പോഴുണ്ടാകുന്ന ചർച്ചകൾ പോലുമില്ലാതെ പാസാക്കുന്ന ബില്ലുകളും ഇത്തരം നിരാശാജനകമായ വിധികളും നിയമവ്യവസ്ഥയുടെ നല്ലകാലത്തേക്ക് തന്നെയാണോ എന്ന് ഓരോ പൗരനും പരിശോധിച്ചുപോകേണ്ടത് അത്യാവശ്യമാണ്. പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാരെ പുറത്താക്കിയായിരുന്നു കേന്ദ്രത്തിന്റെ പ്രതികാരം. ഒഴിഞ്ഞ പ്രതിപക്ഷ കസേരയുടെ അഭിപ്രായത്തിന് വച്ചുകൊണ്ടു അവതരിപ്പിക്കുന്ന ഓരോ ബില്ലും കേന്ദ്രസർക്കാരിന്റെ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്നതും അവരുടെ ഏകാധിപത്യത്തെ സഹായിക്കുന്നതും തന്നെയാണ്.
മതേതര ഇന്ത്യ കണ്ട ഏറ്റവും ദൗർഭാഗ്യകരമായ അയോധ്യ ബാബ്‌റി മസ്ജിദ് വിധിയെ ആധാരമാക്കിയുള്ള രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയോടെയാണ് 2024 ആരംഭിക്കുന്നത്. നിയമനിർമാണത്തിലൂടെയല്ലാതെ ഏകപക്ഷീയമായി കേന്ദ്ര അജണ്ടകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല എന്ന ഭരണകൂടത്തിന്റെ ഭയാനകമായ തിരിച്ചറിവ് കൂടെയാണ് 2023 നൽകിപോകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here