രാജ്യത്തെ ഞെട്ടിപ്പിച്ച് പടിയിറങ്ങുന്ന 2023 | Year Ender 2023

2023 അവസാനിക്കുകയാണ്. നിരവധി സംഭവവികാസങ്ങളുടെ പരമ്പര തന്നെയായിരുന്നു പടിയിറങ്ങുന്ന ഈ വര്‍ഷം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 2023. പേടിപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്ത 2023. ട്രെയിന്‍ അപകടവും വെള്ളപ്പൊക്കവും മണിപ്പൂര്‍ കലാപവുമെല്ലാം 2023 നമുക്ക് നല്‍കിയ വലിയ പാഠങ്ങളാണ്.

2023 ജൂണ്‍ 2 ന് കിഴക്കന്‍ ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ ബാലസോര്‍ നഗരത്തിന് സമീപം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ഒരു ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ 295 പേര്‍ കൊല്ലപ്പെടുകയും 1,100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലെ നാലാമത്തെ മാരകമായ റെയില്‍ ദുരന്തമാണിത്, 1995-ലെ ഫിറോസാബാദ് റെയില്‍ ദുരന്തത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും ദുരന്തംവിതച്ച റെയില്‍ അപകടമായിരുന്നു ഒഡീഷയിലേത്. കൂടാതെ ആന്ധ്രാപ്രദേശില്‍ ഒക്ടോബര്‍ 29 ന് കണ്ടകാപ്പള്ളിക്കും അലമാണ്ടക്കും ഇടയില്‍ വിശാഖപട്ടണംരായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണംപലാസ പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തില്‍ 14 പേരാണ് മരണപ്പെട്ടത്.

2023ല്‍ നമ്മളെ ഞെട്ടിച്ച മറ്റൊരു സംഭവം മണിപ്പൂര്‍ കലാപമായിരുന്നു. മെയ്‌തേയ് , കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷത്തിന് 2023 മെയ് 3 നാണ് തുടക്കം കുറിച്ചത്. 140ല്‍ അധികം മരണമാണ് കലാപവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 5000ത്തില്‍ അധികം തീവെയ്പ്പ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 40,000ത്തോളം പേര്‍ പലായനം ചെയ്തു. രണ്ടു യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ മണിപ്പൂര്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. മെയ്‌തേയ് വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നതോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.

2023ല്‍ നമ്മള്‍ ഭീതിയോടെ കണ്ടത് ചെന്നൈയിലേയും ഉത്തരേന്ത്യയിലേയും വെള്ളപ്പൊക്കമായിരുന്നു. തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 31പേരാണ് മരണപ്പെട്ടത്. 5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങുന്നതാണ് 2023ല്‍ നമ്മള്‍ കണ്ടത്. മേഘവിസ്‌ഫോടനത്തിലും കനത്ത മഴയിലും ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും മിന്നല്‍ പ്രളയമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തത്തെ തുര്‍ന്ന് ഉത്തരേന്ത്യയില്‍ മരണം 41ഓളം ആയിരുന്നു. ഹിമാചല്‍ പ്രദേശില്‍ മാത്രമല്ല സിക്കിമിലും 2023ല്‍ മിന്നല്‍ പ്രളയമുണ്ടായി. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 20 കഴിയുകയും സൈനികര്‍ ഉള്‍പ്പെടെ 105ലധികം പേരെ സിക്കിമിലെ പ്രളയത്തില്‍ കാണാതാവുകയും ചെയ്തിരുന്നു.

പോയവര്‍ഷത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ നമ്മളെ ഞെട്ടിപ്പിച്ച മറ്റൊരു സംഭവമാണ് ഉത്തരകാശിയിലെ ടണല്‍ അപകടം. സില്‍കാര ഭാഗത്ത് 205 മുതല്‍ 260 മീറ്റര്‍ ദൂരത്ത് തുരങ്കം നിര്‍മാണത്തിനിടെ നവംബര്‍ 12ന് തകരുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നതോടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നായുള്ള 41 തൊഴിലാളികളാണ് ഉള്ളില്‍ കുടുങ്ങിയത്. ഭാഗ്യവശാല്‍ വൈദ്യുതിയും വെള്ളവുമുള്ള ഭാഗത്തായിരുന്നു തൊഴിലാളികള്‍ അകപ്പെട്ടത്. തുടര്‍ന്ന് നീണ്ട 17 ദിവസത്തിന് ശേഷം തൊഴിലാളികളെ പുറത്തെത്തിക്കുകയായിരുന്നു.

2023ല്‍ ഇന്ത്യയെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് ഇന്ത്യന്‍ ഗുസ്തിക്കാര്‍ നടത്തിയ പ്രതിഷേധം. ബജ്റംഗ് പുനിയ , വിനേഷ് ഫോഗട്ട് , സാക്ഷി മാലിക് എന്നിവര്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ദില്ലിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട് ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. കൗമാരക്കാരികളെ അടക്കം ഏഴു വനിത താരങ്ങളെയാണ് ബ്രിജ് ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിച്ചത്. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുകയും ബജ്രംഗ് പുനിയ പദ്മശ്രീ തിരിച്ചുനല്‍കുകയും ചെയ്തതും ഇതേ വര്‍ഷത്തിലാണ്.

ഈ വര്‍ഷം തന്നെയാണ് രാജ്യത്തെ എല്ലാ 2000 രൂപാ നോട്ടുകളും പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിക്കുകയായിരുന്നു.

2023ല്‍ കേരളത്തെ നടുക്കിയ ഒരു അപകടമായിരുന്നു കൊച്ചിയിലെ കുസാറ്റിലുണ്ടായത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേരായിരുന്നു മരിച്ചത്.

ചന്ദ്രയാന്‍ 3ലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യമായി ഇന്ത്യ മാറുന്നതും 2023ലാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ആദ്യ രാജ്യമെന്ന ഖ്യാതിയാണ് ഇതിലൂടെ ഇന്ത്യ സ്വന്തമാക്കി. ഭൂമിയുടെ ഒരോയൊരു ഉപഗ്രഹത്തില്‍ സുരക്ഷിതമായി റോബോട്ടിക് പര്യവേഷണം വിജകരമായി പൂര്‍ത്തിയാക്കിയ ലോകത്തിലെ നാലാമത്തെ രാജ്യമെന്ന നേട്ടവും ഇതിനൊപ്പം ഇന്ത്യ നേടി.

ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ എല്‍ 1 -ന്റെ വിക്ഷേപണവും രാജ്യത്തെ അമ്പരപ്പിച്ച ഒരു നീക്കം തന്നെയായിരുന്നു. സൗര കൊറോണ , ഫോട്ടോസ്ഫിയര്‍ , ക്രോമോസ്ഫിയര്‍ എന്നിവ നിരീക്ഷിക്കുന്നതിനും സൗരവാതങ്ങളെയും സൗരജ്വാലകളെയും കുറിച്ച് പഠിക്കുന്നതിനും ഭൂമിയിലും ബഹിരാകാശത്തിന് സമീപമുള്ള കാലാവസ്ഥയിലും അവയുടെ സ്വാധീനവും പഠിക്കുന്നതിനുമുള്ള ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ-എല്‍ 1 ഇന്ത്യ വിക്ഷേപിച്ചതും 2023ലാണ്.

അങ്ങനെ നമ്മളെ ഞെട്ടിപ്പിച്ചുകൊണ്ട് 2023 ദാ പടിയിറങ്ങുകയാണ്. പഠിക്കാന്‍ ധാരാളം പാഠങ്ങള്‍ നല്‍കിയാണ് 2023 വിടപറയുന്നത്. നാളെ പുതിയ വര്‍ഷത്തിന്റെ പുതിയ പുലരി പിറക്കുമ്പോള്‍ ഓര്‍മിക്കാനും ഓര്‍മിക്കപ്പെടാനും ചില സംഭവങ്ങളും നിമിഷങ്ങളും നമ്മളില്‍ ബാക്കിയാക്കിയാണ് 2023 യാത്രയാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News