സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രവാസ ലോകവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടമാണ് യെച്ചൂരിയുടെ മരണമെന്ന് വിവിധ സംഘടനകളും നേതാക്കളും അഭിപ്രായപ്പെട്ടു.
സീതാറാം യെച്ചൂരിയുടെ മരണവാര്‍ത്ത കനത്ത ആഘാതമാണെന്നും വിപ്ലവസൂര്യന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ദുബായ് ഓര്‍മ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ രീതിയില്‍ നിലകൊണ്ട നേതാവായിരുന്നു യെച്ചൂരിയെന്ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യയുടെ സവിശേഷമായ ബഹുസ്വര സ്വത്വത്തെ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിതാന്ത ശ്രദ്ധ പതിപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് റാസല്‍ഖൈമ ചേതന, ഫുജൈറ കൈരളി ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ദേശീയതയ്ക്കു വേണ്ടിയാണ് നാം നിലകൊള്ളേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അതിനുവേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്ത നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഷാര്‍ജ മാസ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് ദമ്മാം നവോദയ അഭിപ്രായപ്പെട്ടു. സവര്‍ണ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ രൂപം നല്‍കിയ ‘ഇന്ത്യ’ കൂട്ടായ്മയില്‍ ഇന്ത്യയിലെ ഒട്ടുമിക്ക ജനാധിപത്യ മത നിരപേക്ഷ കക്ഷികളെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ യെച്ചൂരി വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്ന് റിയാദ് കേളി , ജിദ്ദ നവോദയ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ വിയോഗം ദേശീയരാഷ്ട്രീയത്തിനും ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികള്‍ക്കും തീരാനഷ്ടമാണ് എന്ന് മസ്‌കറ്റ് കൈരളി, സലാല കൈരളി ഭാരവാഹികള്‍ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ പ്രതിരോധം തീര്‍ത്തുകൊണ്ട് മതനിരപേക്ഷതയുടെ ശക്തനായ കാവലാളായിരുന്നു സീതാറാം യെച്ചൂരിയെന്ന് കുവൈറ്റ് കല ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സീതാറാം യെച്ചൂരിയുടെ അസാധാരണമായ നേതൃശേഷിയും സംഘടനാപാടവും പ്രത്യയശാസ്ത്ര വ്യക്തതയും സിപിഐഎമ്മിന് മാത്രമല്ല ഇടതുപക്ഷ മതേതരപ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗദീപമായിരുന്നുവെന്ന് ബഹ്റൈന്‍ പ്രതിഭ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വര്‍ഗീയ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവിനെയാണ് നഷ്ടമായതെന്ന് ഖത്തര്‍ സംസ്‌കൃതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here