കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി മടുത്തതോടെ ചന്തയില്‍ ചുമട്ടുതൊഴിലാളിയായി യുവാവ്. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ബോറടി മാറ്റാന്‍ ചുമട്ടു തൊഴില്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴാം തീയതി മുതല്‍ യവാവിനെ കോളേജില്‍ നിന്ന് കാണാതായിരുന്നു. യുവാവ് ലീവെടുത്ത് വീട്ടിലേക്ക് പോയി എന്നാണ് കോളേജ് അധികൃതര്‍ കരുതിയത്. എന്നാല്‍ യുവാവ് വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് കുടുംബം കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. ദിവസങ്ങള്‍ കാത്തിരുന്നിട്ടും യുവാവിനെക്കുറിച്ച് വിവരം ലഭിക്കാതെ വന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തി.
ഇതിനിടെ യുവാവ് അബ്ദുള്ളപുര്‍മേട്ടിലുള്ള പഴച്ചന്തയില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതായി പൊലീസ് കണ്ടെത്തി. അബ്ദുള്ളപുര്‍മേട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് കുടുംബത്തിന് കൈമാറി. മുന്‍പും സമാന രീതിയില്‍ യുവാവിനെ കാണാതായിട്ടുണ്ടെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. അന്ന് വീട്ടിനടുത്തുള്ള ചന്തയില്‍ ഇയാള്‍ പോര്‍ട്ടര്‍ ജോലി ചെയ്യവെയാണ് കണ്ടെത്തിയതെന്നും കുടുംബം പൊലീസോട് വിശദീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here