ഗുണ്ടാപിരിവ് നല്‍കിയില്ല, ഭക്ഷണം ക‍ഴിക്കവെ യുവാവിനെ തല്ലി ബോധം കെടുത്തി

ഗുണ്ടാപിരിവ് നല്‍കാതിരുന്ന യുവാവിനെ ഭക്ഷണം ക‍ഴിക്കുന്നതിനിടെ തല്ലി ബോധം കെടുത്തി. ഗുണ്ടാപിരിവ് നൽകാൻ വിസമ്മതിച്ചതിനാണ് യുവാവിനെ ഹോട്ടലില്‍ വച്ച് മര്‍ദിച്ചത്. ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ബാലാജിയെ പൊലിസ് അറസ്റ്റു ചെയ്തു.

ചെന്നൈ മേത്തനഗർ റെയിൽവെ കോളനിയ്ക്ക് സമീപത്തെ ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇവിടെ ഭക്ഷണം കഴിയ്ക്കുകയായിരുന്ന യുവാവിനോടാണ് ഗുണ്ടയായ ബാലാജി എന്നയാള്‍ പണം ആവശ്യപ്പെട്ടത്. നൽകാൻ സാധിയ്ക്കില്ലെന്ന് പറഞ്ഞതോടെ, യുവാവിനെ ക്രൂരമായി മർദിച്ചു. ഹോട്ടൽ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മർദനമേറ്റ യുവാവ് ബോധം കെട്ടുവീണിട്ടും ബാലാജി മര്‍ദനം തുടര്‍ന്നു. നിലത്ത് വീണു കിടന്ന യുവാവിന്‍റെ മുഖത്ത് തുടര്‍ച്ചയായി ചവിട്ടി.

യുവാവിന് ഒപ്പമുണ്ടായിരുന്ന ആളിനും മര്‍ദനമേറ്റു. ഹോട്ടൽ ഉടമ രാംകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലിസാണ് ഇരുവരെയും ആശുപത്രിയിലേത്തിച്ചത്. പരുക്കേറ്റ യുവാവിനെ പിന്നീട് കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയായ ബാലാജിയെ പൊലിസ് തിരിച്ചറിഞ്ഞത്. ബാലാജിയുടെ പേരിൽ വിവിധ പൊലിസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. ഇയാളെ  കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News