പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ, ‘യങ് ഇന്ത്യ ആസ്‌ക് ദി പിഎം’ പരിപാടിക്ക് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ‘യങ് ഇന്ത്യ ആസ്‌ക് ദി പിഎം’ എന്ന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരത്ത്‌ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, കൊല്ലം ജില്ലയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, കൊച്ചിയിൽ മന്ത്രി പി രാജീവ്, പാലക്കാട് കോട്ട മൈതാനത്ത് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ്, കോഴിക്കോട് മന്ത്രി പിഎ മുഹമ്മദ് റിയാസ്, കണ്ണൂരിൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി, കാസർക്കോട് ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് എന്നിവരാണ് പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്.

പ്രധാനമന്ത്രി കേരളത്തെ അറിയണമെന്നും അതിനാൽ അദ്ദേഹം ഇടയ്ക്കിടെ കേരളം സന്ദർശിക്കുന്നത് നന്നാകുമെന്നും ഇ പി ജയരാജൻ തിരുവനന്തപുരത്ത്‌ പറഞ്ഞു. വോട്ടിന് വേണ്ടി അരമനകൾ കയറിയിറങ്ങി യാചിക്കുകയാണ് ബിജെപിയെന്ന് പറഞ്ഞ ഇ പി ജയരാജൻ  കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും വ്യക്തമാക്കി. ബിജെപിക്ക് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് മുൻകൂട്ടി തീരുമാനിച്ച ചോദ്യങ്ങൾക്കാണ് പ്രധാനമന്ത്രി മറുപടി നൽകുന്നതെന്നും ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുകയാണെന്നും കൊല്ലത്ത്‌ എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചോദ്യം ചോദിക്കുന്നതിനെ രാജ്യവിരുദ്ധമായാണ് കണക്കാക്കുന്നത്, ചോദ്യം ചോദിക്കുന്നയാളെ കൽതുറുങ്കിൽ അടക്കപ്പെടും. എന്നാൽ ചോദ്യം ചോദിക്കുന്നത് ഡിവൈഎഫ്ഐ സമരായുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷങ്ങളെ കാർഡും വിരുന്നും നൽകി സ്വാധീനിക്കാമെന്ന് വിചാരിച്ചെങ്കിൽ അത് ബിജെപിയുടെ തെറ്റാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. എന്ത് കൊണ്ട് കർണാടകയിൽ അവർ ഈ പരീക്ഷണം നടത്തുന്നില്ലെന്നും മന്ത്രി പത്തനംതിട്ടയിൽ ചോദിച്ചു. വിചാര ധാരയിൽ പറഞ്ഞ കര്യങ്ങൾ നില നിൽക്കുമ്പോൾ ബിജെപിയുടെ തന്ത്രം കേരളത്തിൽ നടപ്പാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈസ്റ്ററിന് നടപ്പാക്കിയ തന്ത്രങ്ങൾ ഈദിന് അവർ നടപ്പാക്കുന്നില്ല. അത് തിരിച്ചറിയാനുള്ള ബോധവും ബോധ്യവും കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മാധ്യമ സ്വാതന്ത്ര്യo സംബന്ധിച്ച് ലോകരാജ്യങ്ങളിൽ 150-ാം സ്ഥാനത്താണ് ഇന്ത്യയെന്നും മരണ ഭീതിയോടുകൂടി മാധ്യമ പ്രവർത്തനം നടത്തേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്നും മന്ത്രി പി രാജീവ് തുറന്നടിച്ചു. ഇന്ത്യയിൽ ക്രൈസ്തവർ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്നും യുപിയിൽ മാത്രം 150 ക്രൈസ്തവർ ജയിലിലാണെന്നും പി രാജീവ് പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയം പറയുന്നതിനപ്പുറം വലുതല്ല മന്ത്രി സ്ഥാനമെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയം പറയുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. മോദി വരുമ്പോൾ ഇവിടെ കോൺഗ്രസ് ഉണ്ടോ എന്ന ചോദ്യം 101-ാമത്തെ ചോദ്യമായി ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാത്രി ഗുഡ്‌നൈറ്റ് പറയുന്ന കോൺഗ്രസ് നേതാക്കൾ രാവിലെ എ‍ഴുന്നേല്‍ക്കുമ്പോൾ ബിജെപി ആകുന്നുവെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News