ഡിവൈഎഫ്ഐ പ്രവർത്തകന് നേരെയുണ്ടായ അക്രമം ചോദ്യം ചെയ്ത പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ച് വിട്ട് യൂത്ത് കോൺഗ്രസ്. ആക്രമം നടത്തിയത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുഹൈൽ , കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് സഹിൽ എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ നഗരൂരിൽ യൂത്ത് കോൺഗ്രസ് – കെഎസ് യു ക്രിമിനൽ സംഘത്തിൻ്റെ ആക്രമത്തിൽ 8 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്. തിരുവനന്തപുരം നഗരൂർ ആലിൻ്റെമൂട്ടിൽ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് നേരെയുണ്ടായ അക്രമം ചോദ്യം ചെയ്തതിൽ നിന്നുണ്ടായ വൈരാഗ്യമാണ് സംഘർഷത്തിന് കാരണം. ഇതിൽ 6 പേരുടെ പരിക്ക് അതീവ ഗുരുതരമാണ്.
ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡൻ്റും, സിപിഐ എം ബ്രാഞ്ച് അംഗവുമായ അഫ്സൽ (29), ഡി വൈഎഫ്ഐ പ്രവർത്തകരായ തേജസ് (24), അൽത്താഫ് (25), അൽ അമീൻ (24), മുഹമ്മദ് (23), അഫ്സൽ (29), അഫ്സൽ (25), ആഷിഖ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് വെട്ടേറ്റ അഫ്സൽ (29) നെ അടിയന്തര ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജ് ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻ്റ് സുഹൈൽ ബിൻ അൻവർ , ഇയാളുടെ സഹോദരനും കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് സഹിൽ ബിൻ അൻവർ എന്നിവരുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കുകളിലും , കാറിലും പോർ വിളികളുമായി എത്തിയ സംഘം പ്രദേശത്ത് മുളക് പൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കരിങ്കല്ല്, വടിവാൾ, ഇരുമ്പ് ദണ്ഡ് , എന്നിവയുമായി ആക്രമണം നടത്തുകയായിരുന്നു.
ആദ്യഘട്ട ആക്രമത്തിന് ശേഷം സംഘം ഗണപതിയാം കോണം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഈ ആക്രമത്തിൽ പരിക്കറ്റവർ സമീപത്ത് ഉള്ള നഗരൂർ സ്റ്റേഷനിൽ പോയി പരാതി നൽകി പോലീസുമായി അരമണിക്കൂർ കഴിഞ്ഞ് തിരിച്ച് എത്തിയപ്പോൾ ആക്രമി സംഘം സംഘടിച്ച് വീണ്ടുമെത്തി കരിങ്കൽ ചീളുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലിസിൻ്റെ സാന്നിധ്യത്തിൽ ഡിവൈഎഫ്ഐ പ്രവർതകരെ അതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഈ സമയം കല്ലേറ് കൂടി നടന്നതിനാൽ പൊലിസിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് കിളിമാനൂർ, ആറ്റിങ്ങൽ , വെഞ്ഞാറമൂട് സ്റ്റേഷനുകളിൽ നിന്ന് എസ് എച്ച് ഒ മാരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. 2 പേർ നഗരൂർ പൊലിസിൻ്റെ കസ്റ്റഡിയിൽ ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here