യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം. കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നത് ഐ ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ മത്സരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയില്‍ ജില്ലയില്‍ നേരിട്ട തിരിച്ചടി യൂത്ത് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്ന് ഗ്രൂപ്പ് നേതാക്കള്‍.

എ.ഐ.സി.സി അംഗം അനില്‍അക്കര, കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാര്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം പി വിന്‍സെന്റ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോഡിനേറ്റര്‍ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പ് യോഗം ചേര്‍ന്നത്. ഡിസിസി വൈസ് പ്രസിഡന്റ് ഡോ.നിജി ജെസ്റ്റിന്റെ തൃശ്ശൂര്‍ കിഴക്കെകോട്ടയിലെ വീട്ടിലായിരുന്നു യോഗം.

ബ്ലോക്ക് പ്രസിഡന്റ് പുനഃസംഘടനയില്‍ കെ സി വേണുഗോപാല്‍ പക്ഷത്തിന് ജില്ലയില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഗ്രൂപ്പിനെ സജീവമാക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് യോഗം ചേര്‍ന്നതെന്നാണ് അനില്‍ അക്കരയുടെ വിശദീകരണം.

യോഗത്തില്‍ ആരൊക്കെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നതില്‍ ധാരണയായി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആ വോട്ട് ചേര്‍ക്കാന്‍ ആണ് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നത്. വൈകുന്നേരം ആറുമണിക്ക് തുടങ്ങിയ യോഗം ഒന്‍പതോടെയാണ് അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News