യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന പണപ്പിരിവിന് ഉപയോഗിക്കുന്നത് നേതാവിന്റെ സ്വകാര്യ അക്കൗണ്ടും ഗൂഗിള്‍ പേ നമ്പറും. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളന നടത്തിപ്പിനുള്ള പണം എത്തുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബിന്റെ പേരിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്സ് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ്. ഇതിനെതിരെ സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം നേതാക്കള്‍ കെപിസിസി നേതൃത്വത്തെ സമീപിച്ചതായാണ് വിവരം.
Also Read- 58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് കണ്ടെത്തിയത് 11 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിര
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ അക്കൗണ്ട് ഉണ്ട്. ഇത് മറികടന്നാണ് സ്വകാര്യ അക്കൗണ്ട് പണപ്പിരിവിനായി ഉപയോഗിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് പണം ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്ററുകളില്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ പേ നമ്പര്‍ ജോബിന്‍ ജേക്കബിന്റേതാണ്. വ്യക്തികളില്‍നിന്ന് 100 രൂപ ആവശ്യപ്പെട്ടാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണം. ആവശ്യപ്പെടുന്നത് 100 രൂപയാണെങ്കിലും അതിലധികം തുക അക്കൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ടെന്നാണ് വിവരം.
സംഭവം വിവാദമായതോടെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഗൂഗിള്‍ പേ വഴി സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാന്‍ സാങ്കേതിക തടസമുണ്ടെന്നും അതുകൊണ്ടാണ് നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here