ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ യുവാവിനെ ബന്ദിയാക്കി; 5 പേര്‍ അറസ്റ്റില്‍

യുവാവിനെ ബന്ദിയാക്കിയ ശേഷം വീട്ടുകാരോട് പണമാവശ്യപ്പെട്ട അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് എടവണ്ണ പൊലീസ്. മലപ്പുറം എടവണ്ണയില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ അമിതലാഭം പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും പിന്നീട് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിക്ഷേപം സ്വീകരിച്ച യുവാവിനെ തടവില്‍ പാര്‍പ്പിച്ച് ബന്ധുക്കളോട് വിലപേശല്‍ നടത്തുകയും ചെയ്ത 5 പേരെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

എടവണ്ണ ഐന്തൂര്‍ സ്വദേശികളായ മണ്ണില്‍ക്കടവന്‍ അജ്മല്‍ (37), താനിയാട്ടില്‍ ഷറഫുദ്ദീന്‍ (46), പത്തപ്പിരിയം സ്വദേശി ചെറുകാട് അബൂബക്കര്‍ (52), കണ്ടാലപ്പറ്റ സ്വദേശി വലിയ പീടിയേക്കല്‍ ഷറഫുദ്ദീന്‍ (43), ഷറഫുദ്ദീന്റെ തടിമില്ലിലെ ജീവനക്കാരന്‍ കണ്ടാലപ്പറ്റ വലിയപറമ്പില്‍ വിപിന്‍ദാസ് (36), എന്നിവരെയാണ് എടവണ്ണ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസിസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കാളികാവ് ഐലാശ്ശേരി സ്വദേശിയായ 24 കാരന്‍ ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം നേടിയെടുക്കാമെന്ന് പറഞ്ഞ് പ്രതികളില്‍ നിന്നും ലക്ഷങ്ങള്‍ നിക്ഷേപം വാങ്ങിയിരുന്നു. ഒരു ലക്ഷം രൂപക്ക് പ്രതിമാസം 10000 രൂപയാണ് വാഗ്ദാനം ചെയ്തത്. ആദ്യമാസങ്ങളില്‍ ലാഭവിഹിതം കൃത്യമായി നല്‍കിയിരുന്നു.

പിന്നീട് പണം ലഭിക്കാതെയായപ്പോള്‍ പ്രതികള്‍ നിക്ഷേപ സംഖ്യ ആവശ്യപ്പെട് യുവാവിനെ സമീപിച്ചപ്പോള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് യുവാവ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതോടെ പ്രതികള്‍ യുവാവിനെ തട്ടികൊണ്ടു വന്ന് തടങ്കലിലാക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി ബിസിനസ്സ് സംസാരിക്കാനാണെന്ന് പറഞ്ഞ് യുവാവിനെ അജ്മലിന്റെ ഐന്തൂരിലേക്കുള്ള വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു.

26 ന് രാത്രി അജ്മലിന്റെ വീട്ടിലെത്തിയ പ്രതികള്‍ യുവാവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കൈവശപ്പെടുത്തി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. യുവാവിന്റെ ബന്ധുക്കള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഇടക്ക് താന്‍ സുഹൃത്തിന്റെ വീട്ടിലാണെന്നും സുരക്ഷിതനാണെന്നും പറഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു.

യുവാവില്‍ നിന്നും പണം ലഭിക്കാതെയായപ്പോള്‍ ഇന്നലെ പ്രതികള്‍ യുവാവിന്റെ ഫോണില്‍ നിന്നും ബന്ധുക്കളെ വിളിച്ച് സമര്‍ദ്ധം ചെലുത്തി പണം തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കി. യുവാവ് തങ്ങളുടെ കസ്റ്റഡിയില്‍ ആണെന്നും വിട്ടുകിട്ടണമെങ്കില്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനായി രാത്രി വണ്ടൂരിലേക്ക് വരാനും പറഞ്ഞു. യുവാവിന്റെ പിതാവും, സഹോദരീ ഭര്‍ത്താവുള്‍പ്പെടെയുള്ള ബന്ധുക്കള്‍ വണ്ടൂരിലെത്തിയപ്പോള്‍ പ്രതികള്‍ മറ്റൊരു സ്ഥലത്തേക്ക് വരാനാവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ വണ്ടൂര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വണ്ടൂര്‍ പോലീസും എടവണ്ണ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സമയോചിതമായ ഇടപെടലില്‍ രാത്രി തന്നെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും അബൂബക്കറിന്റെ സഹോദരന്റെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടില്‍ താമസിപ്പിച്ച യുവാവിനെ പുലര്‍ച്ചെ 5.30 മണിയോടെ കണ്ടെത്തിയപ്പോഴാണ് ബന്ധുക്കള്‍ക്കും പോലീസിനും ആശ്വാസമായത്.

പൊലീസ് അജ്മലിന്റെ വീട്ടിലെത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞ പ്രതികള്‍ ഇന്നലെ രാത്രി കണ്ടാലപ്പറ്റ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിലേക്കും, അവിടെ നിന്നും അബൂബക്കറിന്റെ സഹോദരന്റെ വീട്ടിലേക്കും യുവാവിനെ മാറ്റുകയായിരുന്നു. അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തയ്യാറെടുക്കുമ്പോഴേക്കും സ്ഥലത്തെത്തിയ പോലീസ് വീട് വളഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ പരാതി പ്രകാരം പ്രതികള്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സംഘം ചേര്‍ന്ന് തട്ടികൊണ്ടു പോകല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യുവാവിനെ സുരക്ഷിതമായി രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് പോലീസും ബന്ധുക്കളും. പലരില്‍ നിന്നായി 5 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

വണ്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അജേഷ് കുമാര്‍, എസ്‌ഐ അബ്ദുള്‍ സമദ്, സിപിഒ വിനീഷ്, എടവണ്ണ സ്റ്റേഷനിലെ എസ്‌ഐ അബ്ദുള്‍ അസീസ്, എഎസ്‌ഐ സുനിത, സിപിഒ ഷബീര്‍ എന്നിവരും സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ സലീം, എന്‍.പി സുനില്‍, ആശിഫ് അലി, നിബിന്‍ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News