മദ്യവില്‍പ്പന ശാലയ്ക്ക് നേരെ ബോംബെറിഞ്ഞ് യുവാവിന്റെ പരാക്രമം. ബോംബെറിനെ തുടര്‍ന്ന് പെള്ളലേറ്റ് ചികിത്സയിലായിരുന്ന വില്‍പ്പനശാലയിലെ ജീവനക്കാരന്‍ മരണത്തിന് കീഴടങ്ങി. കുടുംബം തകരാന്‍ കാരണം മദ്യപാനമാണ് എന്ന് വിളിച്ചു പറഞ്ഞായിരുന്നു രാജേഷ് എന്ന യുവാവ് തമിഴ്‌നാട് ശിവഗംഗയിലെ മദ്യവില്‍പ്പന ശാലയിലേക്ക് ബോംബെറിഞ്ഞത്.
ശിവഗംഗയിലെ പല്ലൂത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ടാസ്മാക്ക് മദ്യവില്‍പ്പനശാലയാണ് മദ്യപന്‍ പ്രതികാരത്തിന് തിരഞ്ഞെടുത്തത്. രാജേഷ് ഇവിടെ നിന്നും പതിവായി മദ്യം വാങ്ങുന്ന ആളാണ്. രാത്രി വില്‍പ്പനശാലയുടെ പ്രവര്‍ത്തന സമയം അവസാനിച്ചതിന് ശേഷം അന്നത്തെ കണക്കുകള്‍ നോക്കുകയായിരുന്നു ജീവനക്കാരനായ അര്‍ജ്ജുന്‍. ഈ സമയം ഔട്ട്‌ലെറ്റിലേക്ക് എത്തിയ രാജേഷ് അപ്രതീക്ഷിതമായ അക്രമം നടത്തുകയായിരുന്നു. ‘കുടുംബം നശിക്കാന്‍ കാരണം മദ്യമാണെന്നും ഇനി വില്‍പ്പനശാല ഇവിടെ വേണ്ടെന്നും’ ആക്രോശിച്ചായിരുന്നു രാജേഷ് പെട്രോള്‍ ബോംബ് കടയിലേക്ക് വലിച്ചെറിഞ്ഞത്.
പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടാകുകയും അര്‍ജ്ജുന് മാരകമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. അര്‍ജ്ജുനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബോംബ് എറിഞ്ഞ രാജേഷിനും പൊള്ളലേറ്റിരുന്നു, രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാരക്കുടി പൊലീസ് ആശുപത്രിയിലെത്തി രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ബോംബെറിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വില്‍പ്പനശാലയിലുണ്ടായിരുന്ന 14,600 രൂപയുടെ മദ്യവും വിറ്റുവരവായി ലഭിച്ച മുക്കാല്‍ ലക്ഷത്തിലേറെ രൂപയും കത്തിനശിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here