തുടർച്ചയായി 24 മണിക്കൂർ പ്രാർഥിച്ചിട്ടും കാളി ദേവി തൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് 45കാരനായ പൂജാരി ആത്മഹത്യ ചെയ്തു. വാരാണസിയിൽ ആണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് ഗൈഘട്ട് പതംഗലിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അമിത് ശർമയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത് ശർമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി പൊലീസ് പറഞ്ഞു.
മാ കാളിയുടെ കടുത്ത ഭക്തനായിരുന്ന അമിത് ശർമ ശനിയാഴ്ച മുതൽ അടച്ചിട്ട മുറിയിൽ 24 മണിക്കൂർ പ്രാർഥനയിലായിരുന്നു. ദേവി പ്രത്യക്ഷപ്പെട്ട് തന്നെ കാണുമെന്ന് പുരോഹിതൻ പറഞ്ഞിരുന്നു. ‘മാ കാളി, ദർശൻ ദേ’ എന്ന് തുടർച്ചയായി ജപിച്ചായിരുന്നു യുവ പുരോഹിതൻ്റെ പ്രാർഥന. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ നിരാശനായ അദ്ദേഹം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.
ഏഴ് വർഷമായി പൂജാരി ഈ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് വീട്ടുടമ പറഞ്ഞു. അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർഥനകൾ അർപ്പിക്കുകയും മതപരമായ തീർഥാടനങ്ങളിൽ വിനോദസഞ്ചാരികളെ അനുഗമിക്കുകയും ചെയ്യുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here