വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) ഇന്ന് കോടതിയിൽ ഹാജരാക്കും. മണവാളനെ ഇന്ന് രാവിലെ 10.30 ഓടെ തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാളെ മെഡിക്കൽ പരിശോധനകൾക്കു ശേഷം കോടതിയിൽ ഹാജരാക്കുക.
ഇന്നലെയാണ് കർണാടകയിലെ കുടകിൽ നിന്നും മണവാളനെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസ് പിടികൂടുന്നത്. നേരത്തെ തൃശ്ശൂർ കേരള വർമ കോളജ് വിദ്യാർഥികളെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് മണവാളനെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ഏപ്രിൽ 19 നാണ് കേസിനാസ്പദമായ സംഭവം.
തൃശൂർ എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ ഷാ മദ്യലഹരിയിൽ കൂട്ടുകാർക്കൊപ്പം വരുന്നതിനിടെ 2 കോളജ് വിദ്യാർഥികളുമായി വാക്ക് തർക്കമുണ്ടായി. തർക്കം കയ്യാങ്കളിയിൽ എത്തുമെന്നായതോടെ വിദ്യാർഥികൾ ബൈക്കിൽ കയറി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. എന്നാൽ മണവാളനും സംഘവും ഇവരെ തങ്ങളുടെ കാറിൽ പിന്തുടരുകയും വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഇടിച്ചിടുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്. മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷാ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here