ആന്ധ്രാ രാഷ്ട്രീയത്തിലെ കുടുംബപ്പോര്; ജഗനെ നേരിടാന്‍ സഹോദരി ശര്‍മിള!

ദക്ഷിണേന്ത്യന്‍ മണ്ണില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ് ആന്ധ്രയിലും കരുക്കള്‍ നീക്കി തുടങ്ങിയിരിക്കുകയാണ്. കര്‍ണാടകയിലും തെലങ്കാനയിലും അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ്, ആന്ധ്രയിലെ തങ്ങളുടെ ആധിപത്യവും തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടുപോകുകയും ഇപ്പോള്‍ അതിലും ശക്തമായി തിരികെ എത്തുകയും ചെയ്ത വനിതാ നേതാവാണ് ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ തുറപ്പുചീട്ട്. പേര് വൈഎസ്ആര്‍ ശര്‍മിള, സാക്ഷാല്‍ വൈഎസ്ആര്‍ ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരി. ആന്ധ്ര മുഖ്യമന്ത്രിയായ ജഗനെയും അദ്ദേഹത്തിന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാകുമ്പോള്‍ സഹോദരങ്ങള്‍ ശത്രുക്കളാവുന്ന കാഴ്ചയാണ് ആന്ധ്രയില്‍ കാണുന്നത്.

ALSO READ: അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിൽ തന്നെ വൈഎസ്ആർ കോൺഗ്രസ് വിട്ട് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു

ആന്ധ്ര വിഭജനത്തോടെയാണ് കോണ്‍ഗ്രസും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മില്‍ അകലുന്നത്. ഇപ്പോള്‍ അതേ വൈഎസ്ആര്‍ കുടുംബാംഗത്തെ കൂട്ടുപിടിച്ച് തിരിച്ചുവരുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. 2009ല്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന വൈഎസ്ആര്‍ രാജശേഖര റെഡ്ഢി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയ ജഗനെ ആന്ധ്ര ജനത ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ പിതാവിന്റെ മരണത്തില്‍ സങ്കടത്തിലായ ജനതയെ ആശ്വസിപ്പിക്കാന്‍ ജഗന്‍ നടത്തിയ ഒദര്‍പ്പ് യാത്ര, യാത്രക്കിടയില്‍ ജഗന്റെ ചില പരാമര്‍ശങ്ങള്‍, കോണ്‍ഗ്രസ് വാര്‍ഷികത്തില്‍ ജഗന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനലില്‍ വന്ന പരിപാടിയില്‍ മന്‍മോഹന്‍ സിംഗിനെയും സോണിയാ ഗാന്ധിയെയും അപമാനിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണമെല്ലാം വൈഎസ്ആര്‍ കുടുംബവും കോണ്‍ഗ്രസുമായുള്ള ബന്ധം ഇല്ലാതാക്കി. ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. പിന്നീട് പുതിയ പാര്‍ട്ടി രൂപീകരണം നടന്നു. ജഗന്റെ അമ്മ വൈ.എസ് വിജയലക്ഷ്മിയും സഹോദരി വൈഎസ് ശര്‍മിളയും അതിന്റെ നേതൃനിരയില്‍ എത്തി.

ALSO READ: നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി, റിക്രൂട്ട്മെന്റ് സാധ്യതകള്‍ വിലയിരുത്തി

പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ അനധികൃത സ്വത്തു സമ്പാദന കേസില്‍ ജഗന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു ഇത്. ആ സാഹചര്യത്തില്‍ ശര്‍മിള നടത്തിയ പദയാത്ര വമ്പന്‍ വിജയവുമായി. ഇതോടെ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് വീണു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആന്ധ്ര വിഭജനം കൂടി നടന്നതോടെ ഇതിനെ ശക്തമായി എതിര്‍ത്തിരുന്ന ജഗനും വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്നീട് അധികാരത്തിലെത്തുന്നതാണ് കാണുന്നത്. 2014ലെ പ്രതിപക്ഷ നേതാവ് 2019ല്‍ ആന്ധ്ര മുഖ്യമന്ത്രിയായി. ഇതോടെ പാര്‍ട്ടിയുടെ അധികാരകേന്ദ്രം ജഗനായി. ശര്‍മിള പൊതുരംഗത്തു നിന്നുമാറി നിന്നു. പിന്നീട് രണ്ടുവര്‍ഷം മുമ്പാണ് സജീവരാഷ്ട്രീയത്തിലേക്ക് ശര്‍മിള എത്തുന്നത്. ഇതിനെതിരെ ജഗനും പാര്‍ട്ടിയിലെ ചില നേതാക്കളും എത്തി. ഇതോടെ സഹോദരങ്ങള്‍ തമ്മില്‍ എതിര്‍പ്പ് ശക്തമായി. വൈഎസ്ആറിന്റെ സഹോദരന്‍ വിവേകാനന്ദ റെഡ്ഢിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കഡപ്പ എംപി അവിനാഷ് റെഡ്ഢിയുമായി ജഗനുള്ള ബന്ധവും സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. മൂന്നു വര്‍ഷമായി വൈഎസ്ആര്‍സിപിയുമായി ശര്‍മിള അകന്നിട്ട്.

ALSO READ: വാകേരിയിൽ വീണ്ടും വന്യജീവി ആക്രമണം, 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ

ഇപ്പോള്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്ന ശര്‍മിളയ്ക്ക് ലോക്സഭാ – ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി  കോണ്‍ഗ്രസില്‍ ഒരു സുപ്രധാന സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. 2021ല്‍ തന്റെ പിതാവിന്റെ ജന്മവാര്‍ഷികത്തിലാണ് ശര്‍മിള തന്റെ പുതിയ പാര്‍ട്ടിയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകരിച്ചത്.  2023 നവംബറില്‍ തെലങ്കാന നിയമസഭയില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ശര്‍മിള പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെയല്ല പകരം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതോടെ ശര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. ഇന്ത്യയുടെ യഥാര്‍ത്ഥ സംസ്‌കാരത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് ശര്‍മിള പറയുന്നത്.

ALSO READ: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 11ന്‌ തുടങ്ങും; ഇത്തവണ കുട്ടികൾക്കും സാഹിത്യോത്സവമുണ്ടാവും

ഡിസംബര്‍ 27 ന് ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും കീഴില്‍ ദില്ലിയില്‍ ആന്ധ്രാ നേതാക്കളുടെ യോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ശര്‍മിളയുടെ കോണ്‍ഗ്രസ് പ്രവേശനം. അതിനുശേഷം ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസില്‍ നിന്ന് പോയ എല്ലാവരെയും മടങ്ങിവരാന്‍ പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്ന് ആന്ധ്ര പാര്‍ട്ടി മേധാവി മാണിക്യം ടാഗോര്‍ ടാഗോര്‍ എക്സിലൂടെ വിളംബരം ചെയ്യുകയും ചെയ്തു.

ALSO READ: 5000 ൽ നിന്ന് താഴെക്കില്ല; മാറ്റമില്ലാതെ സ്വർണ വില

തന്റെ സഹോദരി ദില്ലിയിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍, ജഗന്‍ മോഹന്‍ റെഡ്ഢി മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ ഹൈദരാബാദിലെ വസതിയില്‍ സന്ദര്‍ശിച്ചു. കാക്കിനാഡയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ, പ്രതിപക്ഷ പാര്‍ട്ടികള്‍ ”കുടുംബങ്ങളെ ഭിന്നിപ്പിക്കുകയും” അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ജഗന്‍ ആരോപിച്ചു. കുടുംബങ്ങളെ ശിഥിലമാക്കുകയും അതിക്രമങ്ങളും വ്യാജ വാഗ്ദാനങ്ങളും വഞ്ചനയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പാര്‍ട്ടി കൂട്ടുകെട്ടുകളുടെ വര്‍ദ്ധനവ് വരും ദിവസങ്ങളില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും റാവുവിന് തെലങ്കാനയില്‍ കാലിടറിയതോടെ ജഗന്‍ ഒന്ന് മനസിലാക്കി കഴിഞ്ഞു ശത്രുപക്ഷത്ത് നേരിടേണ്ടത് സ്വന്തം സഹോദരിയെ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News