പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് ഹോട്ടൽ മാനേജരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവമോര്‍ച്ച നേതാവും പ്രവര്‍ത്തകരും പിടിയിൽ. കടപ്പാക്കട പ്രതിഭ ജങ്ഷനിലെ പ്രതിഭ റെസിഡിൻസി മാനേജര്‍ ജിഷ്ണുവിനെ നെഞ്ചിനും കഴുത്തിനും കുത്തിയ സംഭവത്തിൽ യുവമോര്‍ച്ച കൊല്ലം മുൻ ജില്ലാ സെക്രട്ടറിയും ബിജെപി തൃക്കടവൂര്‍ മണ്ഡലം പ്രസിഡന്റുമായ അഷ്ടമുടി വടക്കേക്കര രേവതി ഭവനത്തിൽ ഗോകുൽ കരുവ (26), പ്രവര്‍ത്തകരായ പനയംചേരി മണ്ടികണ്ഠ ഭവനത്തിൽ ജയറാം (32), പെരിനാട് പനയം കിഴക്കേവിള വീട്ടിൽ റിച്ചു (25),പനയം കിഴക്കേവിള വീട്ടിൽ രാജ്‍കുമാര്‍ (30) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. സംഭവത്തിൽ രണ്ടുപേര്‍ ഒളിവിലാണ്.
പ്രതിഭ റെസിഡൻസിയിൽ ഗോകുലിന്റെ നേതൃത്വത്തിൽ 5 പേര്‍ മുറിയെടുത്ത് പുതുവത്സരം
മദ്യപിച്ച് ആഘോഷിക്കുകയായിരുന്നു. ഇതുകൂടാതെ മറ്റൊരാളും കൂടി എത്തിയതോടെ മുറിയെടുക്കണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റൊരു മുറിയെടുത്തെങ്കിലും മദ്യലഹരിയിൽ പ്രതികള്‍ തമ്മിൽ വഴക്കുണ്ടായി. അസഹ്യമായതോടെ മാനേജര്‍ എത്തി വിഷയം അന്വേഷിച്ചു. ഇതോടെ പ്രതികള്‍ ചേര്‍ന്ന് മാനേജരെ മര്‍ദിച്ചു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചതോടെ പിന്നാലെയെത്തി കത്തിയെടുത്ത് കഴുത്തിനും നെഞ്ചിനും കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജിഷ്ണു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്.
അതേസമയം, പിടിയിലായ പ്രതികളായ ജയറാം, രാജ്കുമാര്‍ എന്നിവര്‍ അഞ്ചാലുംമൂട് സ്റ്റേഷനിൽ രജിസ്റ്റര്‍ചെയ്ത ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കടപ്പാക്കടയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും അവിടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രകോപനമില്ലാതെ മര്‍ദിക്കുകയുംചെയ്ത യുവമോര്‍ച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here