തബലയിൽ വിരലുകൾ കൊണ്ട് മാന്ത്രിക താളം സൃഷ്ടിച്ച ഇതിഹാസത്തിന് വിട. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്‌ച രാവിലെ അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സാക്കിർ ഹുസൈൻ അന്തരിച്ചതായി അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബം മരണ വാർത്ത നിഷേധിച്ചിരുന്നതിനാൽ മാധ്യമങ്ങൾ വാർത്ത പിൻവലിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് കുടുംബം മരണവാർത്ത സ്ഥിരീകരിച്ചത്.
നാല് തവണ ഗ്രാമി പുരസ്കാരം നേടിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. ഈ വർഷം മൂന്ന് ഗ്രാമി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചു. മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം, മികച്ച കണ്ടംപററി മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം ലഭിച്ചത്.
1951ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ് അദ്ദേഹം.പിതാവ് തന്നെയാണ് സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. മൂന്ന് വയസ്സ് മുതൽ അദ്ദേഹം സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങിയിരുന്നു. ഏഴാം വയസിൽ ഉസ്താദ് അലി അഖ്ബർ ഖാനൊപ്പം അദ്ദേഹം വേദിയിലെത്തി. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, എന്നിവയുള്‍പ്പെടെ ഏഴ് സിനിമകള്‍ക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here