ആ വിരലുകൾ ഇനി നിശ്ചലം; നന്ദി ഉസ്താദ്

zakir hussain

സാക്കിർ ഹുസൈൻ അരങ്ങൊഴുയുമ്പോൾ അവിടെ മായുന്നത് കേവലമൊരു സംഗീതജ്ഞനെ മാത്രമല്ല, മറിച്ച് സംഗീതത്തെ മതമായി കണ്ട ഒരു മനുഷ്യ സ്നേഹിയെ കൂടെയാണ്.കുട്ടിക്കാലത്ത് പിച്ചവെച്ച് തുടങ്ങാനുള്ള തയ്യാറെടുപ്പിനേക്കാൾ അദ്ദേഹം തയ്യാറെടുത്തത് തബലയുടെ താളം തൻ്റെ മനസ്സിലേക്ക് കൂടുതൽ ആഴത്തിൽ അടുപ്പിക്കാനായിരുന്നു. നന്നേ ചെറുപ്പത്തിൽ വീട്ടിലെ പാത്രങ്ങളിലും മേശകളിലും താളം പിടിച്ചപ്പോൾ തൻ്റെ ഈ താളം നാളെ ഒരിക്കൽ ലോകത്തെ വിസ്മയിപ്പിക്കുമെന്ന് അദ്ദേഹം കരുതിയിരിക്കണം. അച്ഛൻ്റെ ശിക്ഷണത്തിൽ ആ താളത്തെ അദ്ദേഹം പിന്നീട് നെഞ്ചോട് ചേർത്തുപിടിച്ചു… പിന്നീടത് അദ്ദേഹത്തിൻ്റെ ജീവശ്വാസമായി… ജീവിതമായി… ആത്മാവായി.

1951ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനായി. പിതാവ് തന്നെയാണ്‌‍ സാക്കിറിനെ സംഗീതം അഭ്യസിപ്പിച്ചത്. മൂന്ന് വയസ്സ് മുതൽ അദ്ദേഹം സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങിയിരുന്നു. ഏഴാം വയസിൽ ഉസ്താദ് അലി അഖ്ബർ ഖാനൊപ്പം അദ്ദേഹം വേദിയിലെത്തി. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍ അദ്ദേഹം താളംപിടിച്ചപ്പോൾ അത് കണ്ടുനിന്നവർ അതാസ്വദിക്കുകയും അതേപോലെ ആശ്ചര്യപ്പെടുകയും ചെയ്തു.

ALSO READ; ആ താളം നിലച്ചു; തബല മാന്ത്രികൻ സാക്കിർ ഹുസൈന് വിട

മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ യുഎസിൽ സിത്താര്‍ മാന്ത്രികൻ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സില്‍ കച്ചേരി അവതരിപ്പിച്ചു.ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. തബലയില്‍ വിസ്മയം തീര്‍ത്ത്‌ നിരവധി വേദികളില്‍ ലോകമെമ്പാടും സാക്കിര്‍ ഹുസൈന്‍ നിറഞ്ഞുനിന്നു.

1991ൽ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആൽബത്തിലൂടെ ആദ്യമായി സാക്കിർ ഹുസൈനെ തേടിയെത്തി.മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, എന്നിവയുള്‍പ്പെടെ ഏഴ് സിനിമകള്‍ക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.‘വാ താജ്’ എന്ന തൊണ്ണൂറുകളിലെ താ‍ജ്മഹൽ തേയിലയുടെ പ്രശസ്തമായ പരസ്യവാചകത്തിൻ്റെ പിന്നിലും അദ്ദേഹത്തിൻ്റെ കൈകളായിരുന്നു.

ഇനിയാ മാന്ത്രിക വിരലുകൾ ചലിക്കില്ല…ആ വിടവും നികത്താനാവില്ല…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News